Saturday, September 19, 2009

മിനി കഥ : അധോലോകം

നാട്ടില്‍ നില്കക്കള്ളിയില്ലാതെ ആയപ്പോഴാണ് കര്‍ത്താജി ബാംബെയ്ക് വണ്ടി കയറിയത്. പുറപ്പെടുന്നതിനു മുന്‍പ് ആര്യന്‍, അഭിമന്യു, ഇന്ദ്രജാലം എന്നീ പടങ്ങള്‍ ശ്രദ്ധയോടെ ആറു പ്രാവശ്യം കണ്ടു - കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി.

നേരെ ബാംബെയില്‍ ചെല്ലുക.. ഏതെങ്കിലും അധോലോക സംഘത്തില്‍ ചേരുക.. സംഗതി ക്ലിയര്‍.

ദാദര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. തിരക്കൊഴിയട്ടെ എന്ന് കരുതി കാത്തു നില്‍ക്കുമ്പോഴാണ് പ്ലാറ്റ്‌ ഫോറത്തില്‍ പെട്ടിയും തൂക്കി ചുറ്റിത്തിരിയുന്ന കഥാപാത്രത്തെ കണ്ടത്. നേരിയൊരു മുഖപരിചയം. രണ്ടു ഡയലോഗ് ഫിറ്റ് ചെയ്തു കളയാം.

മലയാളിയാണല്ലേ..?
അതെ. എങ്ങനെ മനസ്സിലായി..?
നെറ്റിയില്‍ എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടല്ലോ.
കഥാപാത്രം ചിരിച്ചു.
എന്താ ബാംബെയ്ക്ക്..?
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് കഥാപാത്രം ചുറ്റും നോക്കി. എന്നിട്ട് അടക്കിയ സ്വരത്തില്‍ പറഞ്ഞു.
സംഗതി സീക്രട്ടാണ് . ഏതെങ്കിലും അധോലോക സംഘത്തില്‍ ചേരണം. നാട്ടിലെ പണി കൊണ്ട് വല്യ മെച്ചം ഇല്ല.
കര്‍ത്താജി ഒന്നു നടുങ്ങി...
നാട്ടില്‍ എന്തായിരുന്നു പണി..?
സില്‍മാ നടനായിരുന്നു..
പേരെന്തുവാ ..?
മോഹന്‍ലാല്‍.

-----------------------------------**************************---------------------------

Friday, September 11, 2009

മിനി കഥ : കള്ളനും പോലീസും

പാതിരാത്രി വിജനമായ ഏതോ തെരുവില്‍ വച്ചു രണ്ടു കഥാപാത്രങ്ങള്‍ കണ്ടു മുട്ടി.
താനാരാ..?
ഒരു കള്ളന്‍. താനോ..?
ഞാനും ഒരു കള്ളനായിരുന്നു.
ഓഹോ..
കാക്കാന്‍ മാത്രല്ല, പിടിച്ചു പറിക്കാനുള്ള വാസനയും ജന്മനാ ഉണ്ടായിരുന്നു.
മിടുക്കന്‍..!
പക്ഷെ, പ്രോഫെഷനില്‍ ഞാന്‍ ഒരു പരാജയമായിരുന്നു.
അതെന്താടോ..?
ഒന്നുകില്‍ പൂട്ടുകള്‍ ചതിക്കും. അല്ലെങ്കില്‍ വീട്ടുകാരോ പോലീസോ ചേര്‍ന്ന് ചതക്കും.
രണ്ടാമത്തെ വര - ദി സെക്കന്റ്‌ ലൈന്‍ - പിടിച്ചു പറി പരൂക്ഷിചില്ലേ..?
പരൂക്ഷണം അന്പേ പരാജയം.
ബേവകൂഫ്....
കഥാപാത്രം പരൂക്ഷയില്‍ തോറ്റ കുട്ടിയുടെ ചിരി അഭിനയിച്ചു.
പിന്നീട്..?
പിന്നീട് - നേരെ പോയി പോലീസില്‍ ചേര്‍ന്നു.
ങേ..?
ഇന്നലെ പരമ വിശിഷ്ട സേവ മെഡലും തരായി. വൈകുന്നേരം അത് വിറ്റ് കള്ളും കുടിച്ചു.

--------------********************---------------------------------